ദോഹ: ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി. ഇസ്രയേല്‍ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ല. സുരക്ഷയ്ക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിവേകശൂന്യമായ ഏതൊരു ലംഘനത്തോടും ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്ന് ഖത്തര്‍ ഉറപ്പിച്ചു പറയുന്നു. ഈ നഗ്നമായ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്, പ്രതികരണമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതുമാണ്’ ഖത്തര്‍പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.




