ഹെെദരാബാദ്: വീട്ടമ്മയെ കെട്ടിയിട്ട് പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. ഹെെദരാബാദിൽ പട്ടാപ്പകലാണ് ക്രൂര കൊലപാതകം നടന്നത്. സെെബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രേണു അഗർവാൾ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരായ രണ്ടുപേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച വെെകിട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്.
പത്തുദിവസം മുൻപ് ഇവരുടെ ഫ്‌ളാറ്റിൽ ജോലിക്കെത്തിയ ജാർഖണ്ഡ് സ്വദേശി ഹർഷയും മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനായ റൗഷാൻ എന്നയാളുമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവദിവസം പ്രതികൾ ഫ്‌ളാറ്റിലേക്ക് വരുന്നതിന്റെയും തിരികെ ബെെക്കിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെ കെെകാലുകൾ കെട്ടിയിട്ടശേഷം പ്രതികൾ പ്രഷർകുക്കർ കൊണ്ട് ഇവരുടെ തലയ്ക്കടിച്ചതായിയും കത്തിയും കത്രികയും ഉപയോഗിച്ചാണ് കഴുത്തറുത്തതായും പൊലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം പ്രതികൾ ഫ്‌ളാറ്റിലെ കുളിമുറിയിൽ നിന്ന് കുളിക്കുകയും ശേഷം വസ്ത്രം മാറി രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.






