തിരുവനന്തപുരം∙ തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ചു പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം.ലീലാവതി. എതിർപ്പുകളോടു വിരോധമില്ല. എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് ശത്രുതയില്ല. എതിർപ്പുകൾ നേരിട്ടു തന്നെയാണു തുടക്കം മുതൽ ജീവിതമെന്നും ലോകത്തിൽ എല്ലാ കുട്ടികളും എനിക്ക് ഒരുപോലെയാണെന്നും അവർ പറഞ്ഞു. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല –ഡോ. എം.ലീലാവതി പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തം ഉണ്ടായപ്പോഴും പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്നു വച്ച് ഡോ. എം.ലീലാവതി പറഞ്ഞ വാക്കുകളാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ‘വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എങ്ങനെയാണ് തൊണ്ടയിൽ നിന്നു ചോറ് ഇറങ്ങുക’ എന്നായിരുന്നു ടീച്ചറുടെ വാക്കുകൾ. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണമുണ്ടായി.
ഗാസയിൽ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നുമാണു സമൂഹ മാധ്യമങ്ങളിലെ വിമർശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേർ പ്രതികരിച്ചു. ലീലാവതിക്കെതിരായ സൈബർ ആക്രമണത്തിൽ വ്യാപക പ്രതിഷേധവുമുയർന്നു.






