ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ സഞ്ചരിച്ച വാഹനം സുരക്ഷാ സേന പിടിച്ചെടുത്തു. സെപ്റ്റംബർ 19-ന് നടന്ന ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുംചെയ്തു .
ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോകുകയായിരുന്ന അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയാണ് ആയുധധാരികളുടെ സംഘം വെടിവെച്ചത്. ആക്രമണം ആസൂത്രിതമായതാണെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ ഓഫീസിന്റെ വിവരമനുസരിച്ച്, കുറഞ്ഞത് അഞ്ച് പേർ ആക്രമണത്തിൽ പങ്കെടുത്തു.
ഒരു വർഷത്തിനിടെ സേനയ്‌ക്കെതിരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. തീവ്ര മെയ്തെ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തെ കേന്ദ്രം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാന സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും, പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.ആക്രമണത്തെ കുക്കി സംഘടനകൾ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിലെ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്.






