ഓണക്കാല വിപണിയ്ക്ക് ശേഷം വെളിച്ചെണ്ണവിലയിൽ വർധന. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോൾ 495ലെത്തി. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളിൽ 500 രൂപയാണ്. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം 500-നുമേൽ വിലയുണ്ട്. പൊതുവിപണിയിൽ ലിറ്ററിന് 390 മുതൽ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. ഓണക്കാലത്ത് സപ്ലൈകോയിൽ ലിറ്ററിന് 339 രൂപയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമായിരുന്നു.
തേങ്ങയുടെ വില കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻ കാരണം. ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോൾ മൊത്തവില 65 രൂപയും ചില്ലറ വില്പനവില 75 രൂപയുമാണ്. തേങ്ങയുടെ വില അല്പം കുറഞ്ഞാലും വെളിച്ചെണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാകാറില്ല. വില കുറഞ്ഞ വെളിച്ചെണ്ണ മായം ചേർന്നതാകാമെന്ന പ്രചാരണം വന്നതോടെ വില കുറച്ച് വിറ്റിരുന്ന ബ്രാൻഡുകളുടെ വിലയും കുത്തനെ കൂട്ടി. നവരാത്രി, ദീപാവലി ആഘോഷങ്ങൾക്ക് വടക്കേ ഇന്ത്യയിൽ കൊപ്രയ്ക്ക് ആവശ്യം കൂടും. വ്യാപാരികൾ വലിയതോതിൽ കൊപ്ര സംഭരിക്കുന്നതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം.






