ചെന്നൈ: നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ ടിവികെ റാലിക്കിടെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്ത്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകിക്കാന്‍ പോലും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. അപകടത്തിന് പിന്നാലെ പാര്‍ട്ടിയിലെ പല നേതാക്കളും കുടുംബത്തോടൊപ്പം പ്രദേശം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ പോലും ടിവികെ നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.










