കോഴിക്കോട് : പറമ്പില്‍ ബസാറിലെ മധുവിന്റെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു 25 പവന് സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവം. പന്തീരങ്കാവ് പാറക്കുളം സ്വദേശി അഖില്‍ ആണ് മോഷണം നടത്തിയത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത്, അഖില്‍ വീട്ടിലെ ടെറസിലൂടെ കയറി മുകളില്‍ ഭാഗത്തെ വാതില്‍ തുറന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം മോഷ്ടിച്ചു.
ഇന്നലെ കക്കോടിയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും, പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. പ്രതി കഴിഞ്ഞ 14 സ്ഥലങ്ങളിലായി മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. കക്കോടിയില്‍ ലഭിച്ച സ്കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് എസിപി ഉമേഷ് അറിയിച്ചു.




