കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇനി പുതിയ തലത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 30-ന് വിമാനത്താവളത്തിലെ മൂന്നാം റൺവേയും അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ ടവറും ഔദ്യോഗികമായി തുറക്കുമെന്ന് മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ രണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വിമാനത്താവളത്തിന്റെ ശേഷിയും പ്രവർത്തന സുരക്ഷയും കാര്യമായി വർദ്ധിപ്പിക്കും. “മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനത്തിൽ ഒരു വലിയ പുരോഗതിയാകും എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റ് പ്ലാനിംഗ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ സാദ് അൽ-ഒതൈബി പറഞ്ഞു .
ഈ വികസന പ്രവർത്തനങ്ങൾ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, യാത്രക്കാർക്കുള്ള സേവന നിലവാരം ഉയർത്തുക, സ്വകാര്യമേഖല പങ്കാളിത്തത്തിലൂടെ പൊതുവരുമാനം വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ദേശീയ കേഡർമാർക്ക് പരിശീലനം നൽകുക എന്ന നാല് പ്രധാന തൂണുകളോടെയുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ്.
ലോകത്തിലെ ഏറ്റവും നീളമേറിയ റൺവേകളിൽ ഒന്നായ 4.58 കിലോമീറ്റർ നീളമുള്ള മൂന്നാം റൺവേ, വിമാനങ്ങളുടെ ടേക്ക് ഓഫ്-ലാൻഡിംഗ് ശേഷി കാര്യമായി വർദ്ധിപ്പിക്കുകയും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇത് കുവൈത്ത് രാജ്യത്തെ എയർ ട്രാഫിക്, ലോജിസ്റ്റിക്സ് മേഖലകളിൽ ഒരു പ്രാദേശിക കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തിന് ശക്തമായ പിന്തുണ നൽകുന്നുവെന്നും അധികൃതർ വ്യക്തമാക്കി.




