തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സ്കൂളിലെ ഹിജാബ് വിഷയത്തിൽ ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും വർഗീയ ധ്രുവീകരണ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ച നിലപാട് ശരിയായതാണ് എന്നും, വസ്ത്രധാരണം സംബന്ധിച്ച വ്യക്തിഗത സ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പുണ്ടാകണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ നിയമങ്ങളും നയങ്ങളും പാലിച്ച് എങ്ങനെ നിയന്ത്രിക്കാമെന്ന് ആലോചിക്കണമെന്നും, വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാൻ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്ത് ഇസ്ലാമി, എസ്.ഡി.പി.ഐ, കോൺഗ്രസ് എന്നിവ ചേർന്ന് നടത്തുന്ന കൂട്ടായ്മ മത വിദ്വേഷം പടർത്തുന്നതാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.






