സിഡ്‌നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നൽകിയത്. രോഹിത് സെഞ്ചുറിയും (121) വിരാട് (74) അര്‍ദ്ധ സെഞ്ചുറിയും നേടി. 24 റൺസ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ഗില്‍ ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോലിക്ക് ഫോം കണ്ടെത്താനായത് ഈ മത്സരത്തിലെ ആശ്വാസകരമായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.


