തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ഓരോന്നായി പാലിച്ച് മുന്നോട്ട് കുതിക്കുകയാണ് കേരള സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
400 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഇതോടെ, ക്ഷേമ പെന്‍ഷന്റെ ആനുകൂല്യം അനുഭവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് മാസം 2000 രൂപ പെന്‍ഷന്‍ ലഭിക്കും.
സ്ത്രീശാക്തീകരണത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, നിലവില്‍ ഒരു പെന്‍ഷനും ലഭിക്കാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപയുടെ പ്രത്യേക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടു. ഇതോടെ ലക്ഷക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വലിയ ആശ്വാസമാകും.
കാര്‍ഷിക മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് റബ്ബറിന്റെ താങ്ങുവില 200 രൂപയായും നെല്ലിന്റെ സംഭരണവില ഉയര്‍ത്തിയും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയവും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവും 1000 രൂപ വീതം വര്‍ധിപ്പിച്ചതോടെ സമൂഹത്തിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍ക്കാര്‍ കരുത്ത് നല്‍കുകയാണ് .
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ക്ഷാമബത്തയുടെ (DA/DR) ഒരു ഗഡു കുടിശ്ശിക കൂടി നല്‍കാനും തീരുമാനമായിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ക്ഷേമനിധിയിലെയും അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിലെയും കുടിശ്ശികകള്‍ ഉടന്‍ തീര്‍ക്കുമെന്ന പ്രഖ്യാപനം തൊഴിലാളികള്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഈ ജനകീയ പ്രഖ്യാപനങ്ങളെല്ലാം നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ പ്രാബല്യത്തില്‍ വരും. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് ഈ തീരുമാനങ്ങള്‍.


