തിരുവനന്തപുരം: മദ്യ ലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പത്തൊമ്പതുകാരിയായ ശ്രീക്കുട്ടി അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിടുകയായിരുന്നു . മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്‍റെ അതിക്രമത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക് തര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് സഹയാത്രികയുടെ മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്.




