സാമ്പത്തികമായും രാഷ്രടീയപരമായും മുന്നിൽ നിൽക്കുന്ന അമേരിക്ക ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒക്ടോബർ 1ന് ആരംഭിച്ച ഭരണസ്തംഭനം 38 ാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ ഭാവി ഇനി എന്താകുമെന്നാണ് ലേകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
അമേരിക്കയിൽ നടക്കുന്ന ഷട്ട്ഡൗൺ മൂലം വിമാന ഗതാഗത രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർ കുറയുന്നതിനാൽ, രാജ്യത്തിനകത്തെ ഏകദേശം 10 ശതമാനം വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനമാണ് അധികൃതർ എടുതിരിക്കുന്നത്.
എയർപോർട്ടുകളിലെ സുരക്ഷ മുതൽ യാത്രക്കാരുടെ സേവനങ്ങൾ വരെ കൈകാര്യം ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥർ ഇല്ലാതാകുന്നത് കാരണം, പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഭക്ഷണം വരെ മുടങ്ങുമോയെന്ന ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാർ. “ആർക്കും വിശന്നിരിക്കേണ്ട സാഹചര്യം വരില്ല” എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയത്. സഹായം വിതരണം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ, സാങ്കേതിക പ്രശ്നങ്ങൾ സാധാരണ ജനങ്ങൾക്ക് പുതിയൊരു തലവേദനയായി മാറിയിരിക്കുകയാണ്.
ആരും പട്ടിണി കിടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ധനസഹായം തുടരാൻ നിയമപരമായ വഴികൾ തേടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. സർക്കാർ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകൾക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (സ്നാപ്) ആനുകൂല്യം നവംബർ ഒന്ന് മുതൽ മുടങ്ങേണ്ടതായിരുന്നു. എന്നാൽ, ഫണ്ട് മുടങ്ങാതിരിക്കാൻ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലൻഡിലെ ഒരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
അടിയന്തര ഫണ്ടുകൾ ഉപയോഗിച്ച് ഭക്ഷ്യസഹായം തുടർന്നേക്കാമെന്ന പ്രതീക്ഷ ചിലർക്കുണ്ടായിരുന്നു. പക്ഷേ, നിലവിലെ നിയമങ്ങൾ പ്രകാരം അത് സാധ്യമല്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇത് സ്നാപ് ആനുകൂല്യങ്ങൾ കിട്ടേണ്ടവർക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.










