കുവൈത്ത് സിറ്റി: സ്‌നാപ്‌ചാറ്റ് ആപ്ലിക്കേഷൻ വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ഒരാളെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. വിദേശ ചൂതാട്ട സൈറ്റുകൾ പ്രോത്സാഹിപ്പിക്കുകയും, അതിലൂടെ ഫോളോവേഴ്സിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്ത അക്കൗണ്ടിനെതിരെ നടത്തിയ നിരീക്ഷണത്തിനും തുടർ അന്വേഷണത്തിനും ശേഷമായിരുന്നു അറസ്റ്റ്.
അധികൃതരുടെ വിവരങ്ങൾ പ്രകാരം, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി പണം കൈമാറ്റം ചെയ്ത് വ്യാജമായ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് പ്രതി ഫോളോവേഴ്സിനെ വഞ്ചിച്ചത്. പണം ലഭിച്ചതിന് ശേഷം ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്യുക പതിവായിരുന്നു.
പെട്ടെന്ന് പണം സമ്പാദിക്കാമെന്ന് പ്രചരിപ്പിച്ച് യുവാക്കളെ ആകർഷിക്കാനായും ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനായും പ്രതി ശ്രമിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു. ഈ തരത്തിലുള്ള നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.






