കോഴിക്കോട് : പൊതുജനങ്ങൾക്ക് ശുദ്ധവും സൗജന്യവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വാട്ടർ എ.ടി.എം (കിയോസ്ക്) പദ്ധതി കെട്ടാങ്ങലിലും പ്രവർത്തനം തുടങ്ങി.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.വിരൽ ഒന്ന് അമർത്തിയാൽ തന്നെ ശുദ്ധജലം ലഭ്യമാകുന്ന ഈ എ.ടി.എം സംവിധാനം ദാഹിക്കുന്ന യാത്രക്കാർക്കും അങ്ങാടിയിൽ എത്തുന്നവർക്കും വലിയ സഹായമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങളും പരിപാലനവും അതത് ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തിലാണ്.
കെട്ടാങ്ങലിൽ നടന്ന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവഹിച്ചു. ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. നദീറ, വാർഡ് മെമ്പർ പി.കെ. ഹഖീം മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.ടി. അബ്ദുറഹിമാൻ, മൊയ്തു പീടികകണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ മുനീർ മാക്കിൽ, നൗഫൽ, ആബിദ്, എൻ.പി. ഹമീദ് മാസ്റ്റർ, പി. നുസ്രത്ത്, സി.ബി. ശ്രീധരൻ, റസാക്ക് പുള്ളന്നൂർ, ഫാസിൽ കള്ളൻതോട്, ഹരിത കർമ്മസേന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.






