കണ്ണൂർ : പ്രമാദമായ പാലത്തായി പീഡനകേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധി പറയും. ബി ജെ പി നേതാവ് കടവത്തൂരിലെ കെ. പത്മരാജനാണ് കേസിലെ പ്രതി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്.
2020 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിലാണ് സംഭവം നടക്കുന്നത്. ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസിൽ ലോക്കൽ പോലീസും, ക്രൈംബ്രാഞ്ചും അടക്കം നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ 2021 ൽ ഡി വൈഎസ് പി ടി. കെ രത്നാകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപ്പത്രം സമർപ്പിച്ചത്. 2022 മാർച്ച് 17 നാണ് യു. പി സ്കൂൾ അധ്യാപകനായ കടവത്തൂർ മുണ്ടതോട് കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പിച്ചതായി കുട്ടി ചൈൽഡ് ലൈനിൽ മൊഴി കൊടുക്കുന്നത്. പരാതി കിട്ടിയ അന്നുമുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് ആരോപണം ഉയർന്നിരുന്നു.
ലോക്ക് ഉള്ള ശുചിമുറിയും ഇല്ലാത്ത മുറിയിലും പീഡനത്തിനിരയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡന വിവരം പെൺകുട്ടി സഹപാഠികളോട് പറഞ്ഞിരുന്നു. ഇവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യുഷൻ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലും ഹാജരാക്കി






