ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് നേരത്തെ പുറത്തുവിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വീഡിയോ സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ മികച്ച സംയോജനമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം.
ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൌർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധുരന്ദറിന്റെ വ്യാപ്തിയും ഊർജ്ജവും തീവ്രതയും പ്രതിഫലിപ്പിക്കുന്ന ഈ ഗാനം ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഹനുമാൻകൈൻഡ് ആദ്യമായി ചെയ്യുന്ന ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ശക്തവും കൃത്യവുമായി ആധുനിക റാപ്പിനെ ഓൾഡ് സ്‌കൂൾ ദേസി സ്വാഗറുമായി ലയിപ്പിച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രൺവീർ സിങ്ങിൻ്റെ ഉഗ്രമായ സ്ക്രീൻ പ്രെസൻസിനെ വലിയ രീതിയിലാണ് ഈ ഗാനം പിന്തുണക്കുന്നത്.






