കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടുണരുമ്പോൾ കോഴിക്കോട് പേരാമ്പ്രയിലെ എരവട്ടൂർ കിഴക്കയിൽ വീട് ഒരു അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഈ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഒരേ മുന്നണിക്ക് വേണ്ടി വ്യത്യസ്ത സീറ്റുകളിൽ ജനവിധി തേടുന്നു. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം നെഞ്ചിലേറ്റി അമ്മയുടെ പിന്തുണയോടെയാണ് വനജ, സരിത, സജിത എന്നിവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്.
പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് ഈ സഹോദരിമാരുടെ പോരാട്ടം. മൂത്ത സഹോദരിയായ വനജ (56) പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന വനജ, പേരാമ്പ്ര റീജിയണൽ ബാങ്ക് ഡയറക്ടർ കൂടിയാണ്.
രണ്ടാമത്തെ സഹോദരിയായ സരിത (50) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ കൈവേലി ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ കായക്കൊടി ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന സരിത പരിചയസമ്പന്നയാണ്. മുൻപ് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ഒമ്പതാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് അവർ ശ്രദ്ധ നേടിയിരുന്നു.
ഇളയ സഹോദരിയായ സജിതയും ഇവർക്കൊപ്പം ഇടതുമുന്നണിക്കായി മത്സരരംഗത്തുണ്ട്.രാഷ്ട്രീയ പ്രവർത്തകനായിരുന്ന പരേതനായ പിതാവ് നൽകിയ ദിശാബോധവും, അമ്മ ഓമനയുടെ പൂർണ്ണ പിന്തുണയുമാണ് തങ്ങളുടെ കരുത്തെന്ന് ഈ സഹോദരിമാർ പറയുന്നു.
ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഒരേ സമയം ജനവിധി തേടുമ്പോൾ കിഴക്കയിൽ വീട് ഈ തിരഞ്ഞെടുപ്പുകാലത്ത് പേരാമ്പ്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങളുടേതായ ഒരധ്യായം എഴുതിച്ചേർക്കുകയാണ്.




