ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഒളിവിലെന്ന് എസ്‌ഐടി. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇവർക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി എസ്‌ഐടി അറിയിച്ചു.
ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ കടന്നുകളഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ പ്രതികളെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം രൂപപ്പെട്ടിരുന്നു. ഇതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒളിവിൽ പോയതെന്നാണ് വിവരം.
ഗൺമാൻ അനിൽകുമാർ ഉൾപ്പെടെ പൊലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് ഗുരുതര വകുപ്പുകൾ ചുമത്തിയതെന്നാണ് സൂചന.
കേസിലെ അഞ്ച് പ്രതികളെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് നടന്നതെന്നും ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എസ്‌ഐടി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.
ഇതിനിടെ, പ്രതികളിൽ മൂന്ന് പേരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് എസ്‌ഐടി വ്യക്തമാക്കി.






