എറണാകുളം: കണ്ണൂർ സ്വദേശിയുടെ മൊബൈൽ ഫോൺ നമ്പർ അനുമതിയില്ലാതെ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന് നിർദേശം നൽകിയത്.
സംഭവത്തിൽ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കുമെതിരെ കേസെടുക്കും. ചിത്രം സ്ട്രീം ചെയ്ത നെറ്റ്ഫ്ലിക്സിനെയും കേസിൽ പ്രതിയാക്കും. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടും.
കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ സിനിമയിൽ പരാതിക്കാരന്റെ വ്യക്തിഗത മൊബൈൽ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നിരവധി ഭീഷണി സന്ദേശങ്ങളും അനാവശ്യ ഫോൺ കോളുകളും ലഭിച്ചതായി പരാതിയിൽ പറയുന്നു. ഇതുമൂലം വ്യക്തിജീവിതത്തിനും തൊഴിൽ മേഖലയ്ക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിട്ടതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
സിനിമയിൽ യഥാർഥ നമ്പറിന് പകരം ഡമ്മി നമ്പർ ഉപയോഗിക്കുന്നതിൽ നിർമ്മാതാക്കൾ വീഴ്ച വരുത്തിയെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചു. മുൻകൂട്ടി അനുമതി തേടാതെയാണ് വ്യക്തിഗത ഫോൺ നമ്പർ ഉപയോഗിച്ചതെന്നും ഇത് വ്യക്തിവിവര മോഷണത്തിന് തുല്യമാണെന്നും അഭിഭാഷകർ വ്യക്തമാക്കി.
വാദങ്ങൾ പരിഗണിച്ച കോടതി സംഭവത്തിൽ അന്വേഷണം നടത്തി കേസെടുക്കാൻ എറണാകുളം എസ്‌എച്ച്‌ഒയ്ക്ക് നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.






