കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലശ്ശേരി എസ്സി/എസ്ടി സ്പെഷ്യൽ കോടതിയുടെ അനുമതിയെ തുടർന്നാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ തളാപ്പിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഡോ. എം.കെ. റാം കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.




