നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, ചിലർ എത്ര വാരി വലിച്ചു കഴിച്ചാലും അവർക്ക് തടി വയ്ക്കില്ല. എന്നാൽ മറ്റ് ചിലരാകട്ടെ ആഹാരം ഒരു നേരമാക്കിയാലും വണ്ണം കൂടും. എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അടിസ്ഥാന ഉപാപചയ നിരക്ക് അഥവാ ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് ഇതിന് പിന്നിലെ കാരണം. സൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് നമുക്ക് ഒരു ദിവസം ആവശ്യമായ കാലറി കണക്കാക്കുക. ബേസൽ മെറ്റബോളിക് റേറ്റ് (ബിഎംആർ) ആണ് പ്രവർത്തന രഹിതമായി ഇരിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ഊർജം.
ബിഎംആർ റേറ്റ് കൂടുതലുള്ള ആളുകൾ ശരീരം റിലാക്സ് ആയിരിക്കുന്ന നേരത്ത് കൂടുതൽ കാലറി പുറംതള്ളും. ഇങ്ങനെ ഉള്ളവർക്കാണ് എത്ര ആഹാരം കഴിച്ചാലും വണ്ണം വയ്ക്കാതിരിക്കുന്നത്. പ്രായമേറുന്തോറും ബിഎംആർ റേറ്റ് കുറഞ്ഞു വരും. ഇതാണ് പ്രായമേറുമ്പോൾ വണ്ണം വയ്ക്കാൻ കാരണം. എന്നാൽ വണ്ണം ഇല്ലാതിരിക്കുക എന്നത് എല്ലായ്പ്പോഴും ആരോഗ്യത്തിന്റെ ലക്ഷണമാണെന്നു കരുതരുത്.
തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർക്കും പണികിട്ടും. ഇന്റർനെറ്റിലെ അറിവ് മാത്രം വെച്ച് തടി കുറയ്ക്കാനൊരുമ്പെടുന്നവരാണ് അബദ്ധങ്ങളിൽ പെടുന്നത്. വിദഗ്‌ധോപദേശം തേടാതെ വായിച്ച അറിവുകളോ സുഹൃത്തുക്കളുടെ നിർദേശമോ അനുസരിച്ച് വണ്ണം കുറയ്ക്കാൻ അശാസ്ത്രീയ വഴികൾ തേടരുത്. ശരീരത്തിനാവശ്യമുള്ള കാലറി, വൈറ്റമിനുകൾ, തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടു വേണം തടി കുറയ്ക്കാൻ.




