മലപ്പുറം: രാമപുരം എച്ച് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ വിവിധ രുചി കൂട്ടുകളുമായി ഒത്തുചേർന്ന് രുചിയുത്സവം നടത്തിയത് വ്യത്യസ്തമായി.
‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ പലഹാര മേള സംഘടിപ്പിച്ചത്. പാലപ്പം, അട, കേക്ക്, പായസം തുടങ്ങി നാടൻ പലഹാരങ്ങൾ ഉൾപ്പെടെ വിവിധതരം മധുര പലഹാരങ്ങൾ വരെ മേളയിൽ നിരന്നു. തയ്യാറാക്കിയ പലഹാരങ്ങൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു.
വിദ്യാഭ്യാസപരമായ ആശയങ്ങളെ പ്രായോഗിക തലത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. പാഠപുസ്തകത്തിലെ ആശയങ്ങൾ കേവലം അറിവായി ഒതുങ്ങാതെ, അത് സമൂഹവുമായി ബന്ധിപ്പിക്കുന്ന അനുഭവമായി മാറാൻ രുചിയുത്സവം സഹായിച്ചു.






