മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. മുൻ ഇന്ത്യൻ സ്പിന്നറും വനിതാ ടീമിന്റെ മുൻ പരിശീലകനുമായ രമേഷ് പവാറിനെ അജിത് അഗാർക്കറുടെ പകരക്കാരനായി സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ബസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
രമേഷ് പവാർ സെലക്ഷൻ കമ്മിറ്റിയിലെത്തിയാൽ നിലവിൽ ഇടക്കാല ചീഫ് സെലക്ടറുടെ ചുമതല വഹിക്കുന്ന മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ പുതിയ ചീഫ് സെലക്ടറായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
ഒക്ടോബർ നാലിന് അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതോടെയാണ് ഒഴിവുവന്ന സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. തുടർന്ന് ഒക്ടോബർ 15ന് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുമായി അഭിമുഖം നടത്തി. മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ, മുൻ ബറോഡ താരങ്ങളായ കോണർ വില്ല്യംസ്, ജേക്കബ് മാർട്ടിൻ എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ കൂടിയായ രമേഷ് പവാറിനെ തിരഞ്ഞെടുക്കാനാണ് സിഎസി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്താനും ബോർഡ് ആലോചിക്കുന്നുണ്ട്. നിലവിൽ സെന്റർ ഓഫ് എക്സലൻസിന്റെ ചുമതലയിലുള്ള മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ ഇതോടെ സെലക്ഷൻ നടപടികളിൽ പങ്കാളിയാകും.
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിൽ ലക്ഷ്മൺ പങ്കെടുത്തിരുന്നു. താരങ്ങളുടെ പരിക്കുകൾ, കായികക്ഷമത, ലഭ്യത എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സെലക്ടർമാർക്ക് കൈമാറാൻ ലക്ഷ്മണിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ജൂനിയർ സെലക്ഷൻ കമ്മിറ്റിയിലും വലിയ മാറ്റങ്ങൾക്കാണ് ബിസിസിഐ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ് ജൂനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാനായേക്കും.
നോർത്ത് സോണിൽ നിന്ന് അരുൺ ശർമ്മ, വെസ്റ്റ് സോണിൽ നിന്ന് എൽ. പവാർ, ഈസ്റ്റ് സോണിൽ നിന്ന് രാജേഷ് ബോറ, സെൻട്രൽ സോണിൽ നിന്ന് പങ്കജ് സിംഗ് എന്നിവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഇന്ത്യൻ ക്രിക്കറ്റിന്റെ സീനിയർ, ജൂനിയർ സെലക്ഷൻ സംവിധാനങ്ങളിൽ ഒരേസമയം മാറ്റങ്ങൾ വരുന്നത് വരാനിരിക്കുന്ന ടീമുകളുടെ തിരഞ്ഞെടുപ്പിലും നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



