കോഴിക്കോട്: കോഴിക്കോട് കല്ലായിലെ 37-ാം വാർഡിൽ സി.പി.എം കാൽനട പ്രചരണ ജാഥ നടത്തി. വികസിത കോഴിക്കോട് വികസിക്കാത്ത കല്ലായ് എന്ന മുദ്രാവാക്യത്തോടെ കല്ലായിലെ 37-ാം വാർഡിലെ വയലക്കരപ്പറമ്പിൽ നിന്നും എം.എസ്. ബാബുരാജ് റോഡ് വരെയായിരുന്നു ജാഥ. സി.പി.എം വയലക്കരപ്പറമ്പ് ബൂത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു കാൽനട പ്രചരണ ജാഥ നടത്തിയത്. കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന സി.പി.എം, കോഴിക്കോടിന്റെ മുഖച്ഛായ വികസനത്തിലൂടെ മാറ്റിക്കൊണ്ടിരിക്കുമ്പോൾ കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡ് വികസന മുരടിപ്പിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജാഥ ഉദ്ഘാടനം ചെയ്ത ശേഷം ജാഥാ ക്യാപ്റ്റൻ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി യു.ഡി.എഫിന്റെ പിന്തുണയോടെ 37-ാം വാർഡ് ഭരിക്കുന്ന കൗൺസിലർ, വാർഡിന്റെ വികസനത്തിന് കോട്ടം തട്ടുന്ന വിധത്തിലാണ് ഭരണം നടത്തുന്നതെന്നും സി.പി.എം നേതാക്കൾ ആരോപണം ഉന്നയിച്ചു. കൂടാതെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇടതുപക്ഷ ഭരണത്തിലൂടെ കേരളത്തെ ഉന്നതങ്ങളിൽ എത്തിക്കാൻ എൽ.ഡി.എഫിന് സാധിച്ചു എന്നും നേതാക്കൾ പറഞ്ഞു.




