പത്തനംതിട്ട: സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നാളെ കോണ്‍ഗ്രസില്‍ ചേരും. നിലവില്‍ ഇവര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
നാളെ ശ്രീനാദേവി കുഞ്ഞമ്മയെ കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കും. നാളെ രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് ഡിസിസിയില്‍ വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. സിപിഐ ടിക്കറ്റില്‍ മത്സരിച്ച പള്ളിക്കല്‍ ഡിവിഷന്‍ തന്നെ ശ്രീനാദേവിക്ക് മത്സരിക്കാന്‍ നല്‍കുക എന്നാണ് വിവരം.
നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും പാര്‍ട്ടിയുടെയും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു.
ഒട്ടനവധി പരാതികള്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തില്‍ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.




