കോഴിക്കോട് : ഗവൺമെന്റ് ആശുപത്രി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെ രോഗികൾ പുതിയ കെട്ടിടത്തിലേക്ക് മാറാനായി കാത്തിരിക്കുകയാണ്. കഴിഞ്ഞാഴ്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും, ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് നടത്തിയതാണെന്നാണ് ആരോപണം.
പുതിയ കെട്ടിടത്തിന്റെ പ്രധാന ഘടകമായ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ പത്തുവർഷത്തിലേറെയായി പഴയ ആശുപത്രിയുടെ ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഡയാലിസിസ് സേവനം തുടരുന്നത്.
മുന്‍പ് തകർച്ചയിലായിരുന്ന കെട്ടിടം എച്ച്.എം.സി അനുമതിയോടെ കരുണാ സൊസൈറ്റി അറ്റകുറ്റപ്പണി നടത്തി സാന്ത്വന പരിചരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലും കുന്നുമ്മൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ സഹകരണത്തോടെയും ജനകീയമായി 14 മെഷീനുകളുള്ള ഡയാലിസിസ് സെന്റർ ഇവിടെ ആരംഭിച്ചു.
പിന്നീട് സർക്കാർ അനുമതിയോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് ഇത് ഏറ്റെടുത്തത്.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി അന്നത്തെ എം.എൽ.എ പാറക്കൽ അബ്ദുല്ല പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും പിന്നീട് എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി 64 ലക്ഷം രൂപയും അനുവദിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റിനായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 75 ലക്ഷം രൂപയും അനുവദിച്ചു.
ദിവസേന മൂന്ന് ഷിഫ്റ്റുകളിലായി നിരവധി രോഗികൾ ഡയാലിസിസ് നടത്തുന്ന സാഹചര്യത്തിൽ നിലവിലുള്ള മെഷീനുകളും ആർഒ പ്ലാന്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രവർത്തി അടിയന്തിരമാണെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ചെയർപേഴ്സൺ കെ.പി. ചന്ദ്രി പറഞ്ഞു. മാറ്റിപ്പണി നടക്കുന്നതിനിടെ രോഗികൾക്ക് താൽക്കാലികമായി മറ്റെവിടെയെങ്കിലും ചികിത്സാ സൗകര്യം ഒരുക്കേണ്ടിവരുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായും അവർ അറിയിച്ചു.




