തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ നിർമാണ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് നഷ്ടപരിഹാരം ലഭിക്കുക. തുക ആദ്യം സർക്കാർ നൽകണമെന്നും പിന്നീട് ഇത് വർക്കല എസ്.ഐ, പി.ആർ. രാഹുലിൽ നിന്ന് ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സന്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിധിച്ചു.
രണ്ടു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 % പലിശ കൂടി ചേർത്തു നൽകണം. ഉത്തരവ് നടപ്പാക്കി 2 മാസത്തിനകം ആഭ്യന്തര വകുപ്പ് റിപ്പോർട്ട് സമർപ്പിക്കണം. 2022 ഓഗസ്റ്റ് 30 നാണ് പാലച്ചിറ സൗപർണികയിൽ സുരേഷിന്റെ വീട്ടിൽ മതിൽ നിർമാണ ജോലി ചെയ്തു കൊണ്ടിരിക്കെ സുരേഷിനെ പൊലീസ് മർദിച്ചത്.
മർദനത്തെ തുടർന്ന് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരേഷ് ചികിത്സ തേടിയിരുന്നു. മണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതെന്നും മർദിച്ചില്ലെന്നും ജീപ്പിൽ കയറ്റിയപ്പോഴാണ് മുറിവ് സംഭവിച്ചതെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ വാദിച്ചത്.
എന്നാൽ നിസാര കുറ്റത്തിന് സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിക്കാരന്റെ വാദം ശരിയാണെന്ന് സ്ഥിരീകരിക്കാൻ പര്യാപ്തമാണെന്നും മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തി. വൈകിട്ട് 3.30ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സുരേഷിനെ രാത്രി 9.30നാണ് വിട്ടയച്ചത്.






