തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്ന്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകനും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഹാജരായി.
ഔദ്യോഗിക രേഖകളില്‍ ഉള്ള വിലാസത്തിലാണ് വോട്ട് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നും മുട്ടട വാര്‍ഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു.
ഏഴ് വര്‍ഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേര്‍ത്തത് എന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് ഉറച്ചുനിന്നു.
വോട്ട് വെട്ടിയതിനെ കോര്‍പ്പറേഷനും ന്യായീകരിച്ചു. വൈഷ്ണയുടെ കാര്യത്തില്‍ ശരിയായ തീരുമാനം എടുക്കണം എന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയ ഹൈക്കോടതി, ഇല്ലെങ്കില്‍ സവിശേഷ അധികാരം ഉപയോഗിക്കും എന്നും സൂചിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് കോടതിയെ അറിയിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്താല്‍ വൈഷ്ണക്ക് മത്സരിക്കാന്‍ സാധിക്കും.
വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി.






