കൊല്ലം: മുക്കാട് പള്ളിക്ക് സമീപം അഷ്ടമുടി കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീപിടിച്ചു. സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു. കുരീപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോർജ് ദ്വീപിനോട് ചേർന്നാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്.
അട്രോപ്പിലെ ഐസ് പ്ലാന്റിന് സമീപമാണ് ബോട്ടുകൾ നങ്കൂരമിട്ടിരുന്നത്. തീ പടർന്നതിനെ തുടർന്ന് ബോട്ടുകൾ നങ്കൂരമഴിച്ചുമാറ്റിയതിനാൽ മറ്റ് ബോട്ടുകളിലേക്ക് തീ വ്യാപിക്കുന്നത് ഒഴിവായി. അഴിച്ചു വിട്ട ബോട്ട് കായലിൽ മൺ ചെളിയിൽ ഉറച്ച നിലയിലാണുള്ളത്.
ബോട്ടുകളിൽ പാചകത്തിനായി രണ്ട് ഗ്യാസ് സിലിണ്ടറുകളും ഏകദേശം 8,000 ലിറ്ററോളം ഡീസലും ഉണ്ടായിരുന്നിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. മണിക്കൂറുകളോളം നീണ്ടുനിന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു നടക്കുന്നുണ്ട്.






