ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഇലക്ട്രീഷ്യനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ടിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. വൈറ്റ് കോളർ ഭീകര ശൃംഖലയുമായുള്ള ബന്ധം ഇയാൾക്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അറസ്റ്റിലായ ഡോക്ടർമാരുമായി തുഫൈൽ ബന്ധപ്പെടുന്നുവെന്ന പ്രാഥമിക സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികളും അറസ്റ്റ് നടപടിയും നടന്നത്. കഴിഞ്ഞ ദിവസം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ എത്തിച്ചേർന്ന എൻഐഎ സംഘം അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ പന്ത്രണ്ടിലധികം പേരെ ചോദ്യം ചെയ്തു.
ചോദ്യംചെയ്തവരുടെ മൊഴികളിൽ നിർണായക വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ സംശയാസ്പദരായ ചിലരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പെട്ടെന്നു പ്രവർത്തനരഹിതമാക്കിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
രണ്ടുലക്ഷത്തിലധികം രൂപയുടെ ഇടപാടുകളുള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിരിക്കുകയാണ്. സംശയനിരയിലെവരുടെ ബാങ്ക് ഇടപാടുകൾ, ഫോൺ കാൾ റെക്കോർഡുകൾ, സോഷ്യൽ മീഡിയ സംഭാഷണങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിച്ചുവരികയാണ്.
സർവകലാശാലയെ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ പ്രധാന പ്രവാഹം. കേസിലെ മറ്റു കണ്ണികൾ കണ്ടെത്തുന്നതിനായി എൻഐഎ വിപുലമായ പരിശോധനകൾ തുടരുകയാണ്.






