ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷന്‍ വിജയ്.
മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. ഒപ്പം 2026 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപിച്ചു.
ഡിഎംകെയുടെ നയം കൊള്ളയെന്ന് തുറന്നടിച്ച വിജയ്, ചില ക്ഷേമവാഗ്ജാനങ്ങളും മുന്നോട്ടുവച്ചു. അതീവ സുരക്ഷയില്‍ കാഞ്ചീപുരത്ത് നടന്ന യോഗത്തില്‍, ബിജെപിയെ കുറിച്ച് കാര്യമായ പരാമര്‍ശമുണ്ടായില്ല.
കരൂര്‍ ദുരന്തം നടന്ന് 57 ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ വിജയ് കര്‍ഷകരെയും ജെന്‍സി വോട്ടര്‍മാരെയും ഒപ്പം നിര്‍ത്താനുള്ള പ്രഖ്യാപനങ്ങളും നടത്തി. ഡിഎംകെയുടെ നാടകവും തട്ടിപ്പും ജനം തിരിച്ചറിയുമെന്ന് പറഞ്ഞ ടിവികെ അധ്യക്ഷന്‍, മുഖ്യമന്ത്രി സ്റ്റാലിനെ മൈ ഡിയര്‍ അങ്കിള്‍ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. സ്റ്റാലിന്‍ നല്ലവനെന്ന് അഭിനയിക്കുകയാണ്. വിജയെയും വിജയുടെ ഒപ്പം നിന്നവരെയും നോവിച്ചവര്‍ ഖേദിക്കുമെന്നും വിജയ് ചൂണ്ടിക്കാട്ടി.
ദ്രാവിഡ പാര്‍ട്ടികളുടെ സൗജന്യപ്രഖ്യാപനങ്ങള്‍ക്ക് എതിരാണ് ടിവികെ എന്ന പ്രചാരണത്തിന് മറുപടി നല്‍കാനും ശ്രമം.
2026ല്‍ അധികാരത്തിലെത്തുമ്പോള്‍ എല്ലാവര്‍ക്കും വീടും എല്ലാ കുടുംബത്തിലും ഒരു ബിരുദധാരിയും സ്ഥിര വരുമാനക്കാരനും മോട്ടര്‍ ബൈക്കും ലക്ഷ്യമെന്നും വിജയ് പറഞ്ഞു. കരൂര്‍ സംഭവത്തെ കുറിച്ച് പിന്നീട് പറയുമെന്ന് പറഞ്ഞ വിജയ് പതിവ്ബിജെപി വിമര്‍ശനം ഒഴിവാക്കി.
കാഞ്ചീപുരത്തെ സ്വകാര്യ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്യു ആര്‍ കോഡ് ഉള്ള ടിക്കറ്റ് ലഭിച്ച 2000 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം . കൈക്കുഞ്ഞുങ്ങളുമായി എത്തിയ ചില സ്ത്രീകളെ നേതാക്കള്‍ തിരിച്ചയച്ചതും ശ്രദ്ധേയമായി.






