മലപ്പുറം: ജന്മനാ കാഴ്ച പരിമിതിയുള്ള പോത്തനൂരിലെ ഷബീർ അദനിക്ക് വീട് നിർമിച്ചു നൽകി. കേരള മുസ്‌ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ സി എഫ് റിയാദ് കമ്മിറ്റി. ദാറുൽ ഖൈർ എന്നാണ് വീടിന്റെ പേര്. താഴത്തേല പറമ്പിൽ ബഷീർ – നദീറ ദമ്പതികളുടെ മൂത്തമകൻ ഷബീറിന് ജന്മനാ രണ്ട് കണ്ണുകൾക്കും കാഴ്ചയില്ല.
എൽ കെ ജി മുതൽ ഡിഗ്രി വരെയുള്ള 19 വർഷക്കാലയളവിൽ ഷബീർ ഷബീറിന്റെ സകല പരിമിതികളെയും ഉൾകാഴ്ച കൊണ്ട് പൊരുതി തോൽപ്പിച്ചു. പാഠ്യ-പാഠ്യതര വിഷയങ്ങളിൽ ഇതിനോടകം തന്നെ ഒട്ടേറെ നേട്ടങ്ങൾക്ക് ഉടമയാണ് ഷബീർ.
ഷബീർ ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കുകയും രാജ്യത്തെ പ്രതിനിധീകരിച്ച് ദുബായ് ഹോളി ഖുർആൻ ഇവന്റിൽ പങ്കെടുക്കുകയും ചെയ്തു. ഇത് കൂടാതെയും ഒട്ടനവധി അന്തരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.
നല്ലൊരു ഗായകൻ എന്നതിലുപരി സംസ്ഥാന- ദേശീയ സാഹിത്യോത്സവങ്ങളിൽ പങ്കെടുത്ത്, ഉറുദു , ഹംദ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സാഹിത്യ പ്രതിഭകൂടിയാണ് ഷബീർ.
മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ വിശുദ്ധ റമളാനിൽ ജുമുഅ ഖുതുബ നിർവഹിക്കുന്നത് ഷബീർ അലിയാണ്. ഷബീറിന്റെ നേട്ടങ്ങളെല്ലാം കഠിനാധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റേതുമാണെന്ന് വിലയിരുത്തിയ റിയാദ് ഐസി എഫ് , അവരുടെ പതിമൂന്നാമത് സംരംഭമായി ശബീറിന് ദാറുൽ ഖൈർ (നന്മ ഭവനം ) നിർമ്മിച്ചു കൊടുക്കുകയായിരുന്നു. പഠനവും വിവാഹവും കഴിയും മുമ്പ് തന്നെ മഅദിൻ മുഖേന ലഭിച്ച “ദാറുൽ ഖൈർ ” സ്വീകരിച്ച ആഹ്ലാദത്തിലാണ് ഷബീറും കുടുംബവും.
വീടിൻ്റെ താക്കോൽദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു. റിയാദ് ഐ സി എഫ് ഭാരവാഹികളായ ഇബ്രാഹിം കരീം ഹാജി,ഇസ്മാഈൽ സഅദി , മഅദിൻ പ്രതിനിധികളായ അബ്ദുസ്സലാം സഖാഫി, അസ്‌ലം സഖാഫി,ബഷീർ സഅദി , കെ സിദ്ദിഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി , റാഫിഅ് ബാഖവി മാണുർ ,സലീം സഖാഫി, സി പി മുഹമ്മദ് മുസ്‌ലിയാർ, ഗഫൂർ അഹ്സനി, അബ്ദുല്ലത്തീഫ് കുണ്ടയാർ എന്നിവർ പങ്കെടുത്തു.






