ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി നടി തൃഷ കൃഷ്ണൻ. ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയിയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പമാണ് തൃഷ പരേഡ് കണ്ടത്.
തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിൽ എത്തിയിരുന്നു. വിജയിയുടെ മാതാപിതാക്കൾക്കും തൃഷയുടെ അമ്മയ്ക്കുമൊപ്പം മുൻനിരയിൽ ഇരുന്നാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങിൽ പങ്കെടുക്കുന്ന തൃഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരേഡിനിടെ വിജയി തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിജയി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.
വിജയിയും തൃഷയും ഒരുമിച്ച് വിവിധ വേദികളിൽ എത്തിയതിനെ തുടർന്ന് നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉണ്ടായിരുന്നു. വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചെന്ന വാർത്തകളും നേരത്തെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് അവർ വിവാഹമോചന കേസിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, തൃഷയെക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ നടത്തിയ ചില പരാമർശങ്ങളും നേരത്തെ വിവാദമായിരുന്നു. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. തൃഷയുടെ പേര് പരാമർശിച്ചുള്ള പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നായിരുന്നു ആരോപണം.
കൂടാതെ, എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ തൃഷയെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. തൃഷയുടെ ആരാധക സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.


