കോഴിക്കോട്: പേരാമ്പ്രയിൽ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. ബാക്കി വായ്പാ തുക എഴുതിത്തള്ളുന്നതിനായി ഉന്നത അധികൃതരോട് ശുപാർശ ചെയ്യുമെന്നും ബാങ്ക് ഉറപ്പുനൽകി. എം.എൽ.എമാരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
വിഷയം ഡയറക്ടർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹെഡ് ഓഫീസിൽ നിന്നുള്ള തീരുമാനം ഡിസംബർ 15-ന് മുമ്പായി അറിയിക്കുമെന്നും ബ്രാഞ്ച് മാനേജർ ഉറപ്പുനൽകി. എന്നാൽ, ചർച്ചയിൽ പങ്കെടുക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ആരും എത്താതിരുന്നത് പ്രതിഷേധാർഹമാണെന്ന് ഫാത്തിമ തഹ്‌ലിയ ഉൾപ്പെടെയുള്ള എം.എൽ.എമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാനും കവിതയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു. വൈകിട്ട് നാല് മണിക്ക് സംസ്കാരം നടക്കുമെന്നും എം.എൽ.എമാർ അറിയിച്ചു. വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൂത്താളി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാൻ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ അനുവദിച്ചില്ലെന്നും ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷവും കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2018-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽനിന്നാണ് കവിതയും ഭർത്താവ് ബാബുവും വീടുനിർമാണത്തിനായി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം വായ്പാ കുടിശ്ശിക 50 ലക്ഷം രൂപയായി ഉയർന്നു.
നവംബർ 13-ന് രാവിലെ 11 മണിയോടെയാണ് ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ കൂത്താളിയിലെ വീട്ടിലെത്തിയത്. നടപടികൾ പുരോഗമിക്കുന്നതിനിടെ വീടിന് പിന്നിലുള്ള പഴയ വീട്ടിൽ കവിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


