മൗണ്ട് മാംഗനൂയി: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനത്തെ കുറിച്ചുള്ള മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഏകദിന ടീമിന്റെ താൽക്കാലിക നായകൻ ശ്രേയസ് അയ്യർ. ഇവിടുത്തെ സാഹചര്യങ്ങളെ ഏകദിന ലോകകപ്പിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളുടെയും ബോളർമാരാണ് ആധിപത്യം പുലർത്തിയതെന്നും ശ്രേയസ്സ് അയ്യർ വ്യക്തമാക്കി.
നാലാം ഏകദിനത്തിൽ ഇന്ത്യ വെറും 89 റൺസിന് ഒൾഔട്ട് ആയതിന് പിന്നാലെയാണ് പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ നിരാശാജനകമായ പ്രകടനത്തിൽ ആശങ്കയുണ്ടെന്ന് ഗംഭീർ പ്രതികരിച്ചത്. ‘‘തീർച്ചയായും എനിക്ക് ആശങ്കയുണ്ടാകും. കാരണം, വരാനിരിക്കുന്ന ലോകകപ്പിൽ നമുക്ക് ലഭിച്ചേക്കാവുന്ന സാഹചര്യങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ഇവിടുത്തേത്,’’ എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
ഇതിനെയാണ് ശ്രേയസ് എതിർത്തത്. 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമായി ന്യൂസീലൻഡിനെതിരായ പരമ്പരയെ കാണുന്നില്ലെന്നായിരുന്നു ശ്രേയസ്സിന്റെ മറുപടി.


