തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിലെ കൃഷിഭൂമിയിൽ തള്ളിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മാലിന്യം കൊണ്ടുവന്ന ലോറിയും തെങ്കാശി പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടി. കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതിനെതിരെ ‘കേരളത്തിന്റെ മാലിന്യക്കൂമ്പാരം അല്ല തമിഴ്നാട്’ എന്ന പ്രചാരണവും വീണ്ടും ശക്തമായിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഉൾപ്പെടെയുള്ളവ രാത്രിയിൽ തെങ്കാശിയിലെ ശങ്കരൻകോവിലിലുള്ള കൃഷിഭൂമിയിൽ തള്ളിയെന്നാണ് പരാതി. മലയാളത്തിലുള്ള ഫ്ലക്സ് ബോർഡുകളും കേരളത്തിൽ വിൽപ്പനയ്ക്കുള്ള മരുന്നുകളുടെ കുപ്പികളും മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവം ബിജെപിയും ഏറ്റെടുത്ത് പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരനായ വെള്ളദുരൈ എന്നിവരുൾപ്പെടെ നാല് തമിഴ്നാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാലിന്യം തള്ളുന്നവർക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്നും അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും തെങ്കാശി എസ്പി ആർ. സ്റ്റാലിൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ കൃഷിഭൂമികളിൽ തള്ളുന്നത് തടയാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
2024 ഡിസംബറിലും തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് 30 ട്രക്കുകളിലായി മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നിരുന്നു.


