പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമിട്ട് ഇന്ന് വൈകിട്ട് നാലിന് നട തുറക്കും. തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്.
നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ആഴിയിൽ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും സോപാനത്തിലേക്ക് ആനയിക്കും.
അതേസമയം, പമ്പയിൽ ജലവിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് ആശങ്ക അറിയിച്ചു. കരാർ ലഭിക്കാത്തവരുടെ പ്രതികാര നടപടിയാണ് ഇതിന് പിന്നിലെന്നും മാറ്റങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ദേവസ്വം ബോർഡ് ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ ശുചിമുറികളുടെ ശുചീകരണത്തിനുള്ള ടെൻഡർ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ ദേവസ്വം ജീവനക്കാരെയാണ് ശുചീകരണ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി 5,000 പൊലീസുകാരെ ഒരേസമയം ശബരിമലയിൽ വിന്യസിക്കും. മിനിറ്റിൽ 75 തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് സോൺ പദ്ധതിയും ഫണ്ട് ലഭിക്കാത്തതിനാൽ അനിശ്ചിതത്വത്തിലാണ്. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് വീണ്ടും നട തുറക്കും. പുതിയ മേൽശാന്തിമാരായിരിക്കും തുടർന്നുള്ള പൂജകൾക്ക് കാർമികത്വം വഹിക്കുക.


