കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ പരീക്ഷയിൽ കൂട്ട കോപ്പിയടി നടത്തിയ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ പരീക്ഷയിലാണ് 25 വിദ്യാർഥികൾ കോപ്പിയടി നടത്തിയതായി കണ്ടെത്തിയത്.
പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 32 വിദ്യാർഥികളെയും പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്തു.
സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ റദ്ദാക്കി. അടുത്ത അവസരത്തിൽ വീണ്ടും പരീക്ഷ എഴുതാനാണ് നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടത്തി. ക്ലിനിക്കൽ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച ഒരു വിദ്യാർഥിയെ ഒരു വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെ സർവകലാശാല നേരിട്ട് ശാസിക്കുകയും ചെയ്തിരുന്നു.
ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടും സംഭവം അധികൃതർ പൊതുസമൂഹത്തെ അറിയിച്ചിരുന്നില്ല. വിദ്യാർഥികൾക്കിടയിലെ അച്ചടക്കലംഘനത്തെക്കുറിച്ച് അധ്യാപകർക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്. വിദ്യാർഥികൾക്കായി അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടികളെ ചോദ്യം ചെയ്ത് ഒരു വിദ്യാർഥി സംഘടനയുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പ് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ ഇത്രയധികം വിദ്യാർഥികൾ ഒരുമിച്ച് കോപ്പിയടിക്ക് പിടിയിലാകുന്നത് അപൂർവ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ ചർച്ചയായിട്ടുണ്ട്.


