തിരുവനന്തപുരം: പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിന് പിന്നാലെ ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം വീണ്ടും ശക്തമാകുന്നു. സന്ദർശനത്തിൽ സർക്കാരിനെതിരായ അതൃപ്തി ഓർത്തഡോക്സ് സഭ പരസ്യമാക്കി. സർക്കാരിന്റെ നിലപാട് സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത വിമർശിച്ചു.
സർക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമാണെന്നും സഭയ്ക്കുണ്ടായ മുറിവ് ഉണക്കേണ്ട ഉത്തരവാദിത്തം അത് ഉണ്ടാക്കിയവർക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മൂലേടം പള്ളിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്ത പരിപാടിയിലായിരുന്നു വിമർശനം.
അതേസമയം, ഓർത്തഡോക്സ് സഭയുടെ ആരോപണങ്ങൾക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ മറുപടി നൽകി. താനോ പാത്രിയാർക്കീസ് ബാവയോ കോടതിയലക്ഷ്യം നടത്തിയെന്ന് കരുതുന്നവർക്ക് കോടതിയെ സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സർക്കാർ നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയിലെ സമാധാനം ലക്ഷ്യമിട്ടാണ് പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷിക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സഭകൾ തമ്മിലുള്ള ഐക്യചർച്ചകൾക്ക് നേതൃത്വം നൽകാമെന്ന് അറിയിച്ചിരുന്നു.
ഐക്യശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ചിരുന്ന ഓർത്തഡോക്സ് സഭ, പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തോടെയാണ് വീണ്ടും അതൃപ്തി അറിയിച്ചത്. പൊലീസ് സംരക്ഷണത്തിൽ ബാവ പള്ളിയിലെത്തിയതും വിമർശനത്തിന് കാരണമായി.
പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയിട്ടും സഭകൾ തമ്മിൽ ചർച്ച നടത്താത്തത് എന്തുകൊണ്ടാണെന്നാണ് ഓർത്തഡോക്സ് സഭയുടെ ചോദ്യം. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുമ്പോഴും മണർകാട് സന്ദർശനവുമായി ബന്ധപ്പെട്ട വിഷയം കോടതിയിലെത്തിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം. കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകുന്നതും സഭയുടെ പരിഗണനയിലുണ്ട്.


