മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിൽ. കുഴിമണ്ണ കിഴിശേരി തവനൂർ റോഡിലെ ചെങ്ങിണീരി അടക്ക മാർക്കറ്റിൽ നിന്നാണ് 3.64 ലക്ഷം രൂപ വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ചത്.
കിഴിശേരി ചെമ്മക്കോട്ടിൽ റഹീസ് (18), മുതുവല്ലൂർ മുണ്ടക്കുളം സ്വദേശി സൽമാൻ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല സ്വദേശി മുഹമ്മദ് ആദിൽ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
മാർക്കറ്റിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയാണ് സംഘം മോഷ്ടിച്ചത്. ഗേറ്റ് ചാടിക്കടന്നാണ് പ്രതികൾ മാർക്കറ്റിനുള്ളിൽ പ്രവേശിച്ചത്. മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇതിനിടെ പറമ്പിൽപീടിക ഭാഗത്ത് മോഷ്ടിച്ച അടക്ക വിൽക്കാനെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ച 16 ചാക്കുകളിൽ 10 ചാക്ക് പറമ്പിൽപീടികയിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത പുനത്തിൽ, എസ്.ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


