കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ മരിച്ച സംഭവത്തിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉൾപ്പെടെ വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായ അവസരവും സാവകാശവും നൽകിയിരുന്നു. എന്നാൽ ഈ ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് കഴിഞ്ഞില്ലെന്നും ബാങ്കിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
അതേസമയം, വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബാംഗങ്ങളും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കൂത്താളി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജപ്തി നടപടികൾ ഒഴിവാക്കാൻ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അധികൃതർ അനുവദിച്ചില്ലെന്നും ഇതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് കവിത ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷവും കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം ബാങ്കിന് മുന്നിലെ പ്രതിഷേധത്തിന് ശേഷം കൂത്താളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.


