കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിർണ്ണയിക്കുന്നതിൽ ഒരുകാലത്ത് നിർണായ സ്വാധീനം ചെലുത്തിയിരുന്ന എ ഗ്രൂപ്പ് ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. യുവനേതാക്കളായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ മുൻനിരയിൽ നിർത്തിയൊരു തിരിച്ചുവരവിനാണ് ഗ്രൂപ്പ് കോപ്പുകൂട്ടുന്നത്. ഇതിനു മുന്നോടിയായി നടന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ ഷാഫി പറമ്പിലും മന്ത്രി കൂടിയായ വിഷ്ണുനാഥും അടങ്ങുന്ന നേതാക്കള്‍ പങ്കെടുത്തു. എ ഗ്രൂപ്പുകാരനായിട്ടാണ് രാഷ്ട്രീയത്തിൽ സജീവമായിരുന്നതെങ്കിലും പിന്നീട് മറ്റൊരു രീതിയിലേക്ക് മാറിയ ഷാഫി പറമ്പിലിന്റെ സാന്നിധ്യം തന്നെയാണ് കാര്യങ്ങളെ എ ഗ്രൂപ്പ് സീരിയസായി തന്നെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ബോർഡ് കോർപറേഷൻ, UDF നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങളെ ഉൾപ്പെടുത്താത്തതിലെ പ്രതിഷേധം മുഖ്യമന്തി വിഡി സതീശനെ നേരിൽ കണ്ട് എ ഗ്രൂപ്പിലെ പ്രധാനികളായ എംഎം ഹസൻ, ബെന്നി ബഹനാൻ തുടങ്ങിയവർ പ്രകടിപ്പിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്തി ആറു മാസത്തിനു ശേഷവും പാർട്ടിക്കകത്ത് വേണ്ടത് കൂടിയാലോചനകളോ അഭിപ്രായ സമന്വയമോ ഇല്ലാത്തതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിനുള്ള ആദ്യ പടിയായാണ് ഇതിനെ അണികളും പ്രവർത്തരും കാണുന്നത്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറി തുടങ്ങിയതോടെയാണ് എ ഗ്രൂപ്പിൻറെയും പ്രവർത്തനങ്ങളും പൊലിമയും കുറഞ്ഞ് വന്നത്. ഇതിനിടെ ഐ ഗ്രൂപ്പ് ശക്തമാകുകയും ഗ്രൂപ്പിലെ പ്രധാനികളിൽ പലരും നിർണായക സ്ഥാനങ്ങളിൽ എത്തുകയും പാർട്ടിയിലെ സ്വാധീന ശക്തികളായി മാറുകയും ചെയ്തതും ഒരു കാരണമായി. നേരത്തെ, മുഖ്യമന്ത്രിയായ വിഡി സതീശനും പ്രതിപക്ഷ നേതാവായ വിഡി സതീശനും പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു കേരളത്തിലെ കോൺഗ്രസിലിപ്പോൾ ഗ്രൂപ്പുകളില്ല എന്നത്. പക്ഷേ അങ്ങനെയൊന്നും ഇല്ലാതാകുന്ന ഒന്നല്ല കോൺഗ്രസിലെ ഗ്രൂപ്പുകൾ എന്നതാണ് യാഥാർത്ഥ്യം.
വ്യക്തി താത്പര്യങ്ങള്‍ക്കും ഗ്രൂപ്പ് ചിന്തകള്‍ക്കും ഇടവേള നൽകി പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്ന മർമ്മ പ്രധാനമായ ലക്ഷ്യത്തിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അതിനാലാണ് ഗ്രൂപ്പ് പോരുകളിൽ നിന്നും ശക്തിപ്രകടനങ്ങളിൽ നിന്നും മാറിനിന്നതെന്നുമാണ് എ ഗ്രൂപ്പിന്റെ അവകാശവാദം. എന്നാൽ അധികാരത്തിൽ തിരിച്ചെത്തി ആറ് മാസങ്ങള്‍ക്കിപ്പുറവും ആവശ്യമായ കൂടിയാലോചനകളോ ചർച്ചകളോ പാർട്ടിയിൽ നടക്കാതായതോടെ ഇത്തരമൊരു നീക്കത്തിലേക്ക് അവർ കടക്കുകയാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് പാർട്ടിയെ വീണ്ടും തള്ളിവിടുകയല്ല ലക്ഷ്യമെന്നും മറിച്ച് കൂടുതൽ പങ്കാളിത്തവും ചർച്ചകളും പാർട്ടി തലത്തിൽ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നമാണ് എ ഗ്രൂപ്പ് പറയുന്നത്. ചാണ്ടി ഉമ്മൻ, മന്ത്രി ടി സിദ്ദിഖ് തുടങ്ങി മറ്റ് നിരവധി യുവനേതാക്കള്‍ ഗ്രൂപ്പിൻറെ ഭാഗമായുണ്ടെന്നും ഇവരാണ് ഭാവിയിൽ പാർട്ടിയെ തന്നെ നയിക്കേണ്ടവരെന്നും എ ഗ്രൂപ്പുമായി ബന്ധപ്പെട്ട് നിൽക്കുന്ന നേതാക്കൾ വെളിപ്പെടുത്തുന്നു.
ഉമ്മൻ ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പുകാരിൽ പലരും കൂട് മാറി. ഇതിൽ മിക്കവരും നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി കെസി വേണുഗോപാൽ ക്യാമ്പിലേക്ക് കൂടുമാറുകയാണു. ഇപ്പോൾ അധികാരമുള്ള സമയമാണ്. കെസി പക്ഷം കൂടുതൽ ശക്തമായി മാറുകയും ചെയ്യുന്നു. അതിനാൽ ഒരുമിച്ച് നിൽക്കേണ്ടത് നിലനിൽപ്പിന് അനിവാര്യമാണെന്ന ചിന്ത പല ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലും ശക്തമാണ്. സമീപകാലത്ത് പാർട്ടി പല പ്രശ്നങ്ങളിലൂടെ കടന്നു പോകുകയും ഇതിൻറെ ഫലമായി ആഭ്യന്തര ചർച്ചകള്‍ നടക്കുകയും ചെയ്തെങ്കിലും ഇത് താഴെതട്ടിലേക്ക് എത്തിയിട്ടില്ലെന്നും ചർച്ചകളിൽ ഗ്രൂപ്പിന് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നുമുള്ള വിലയിരുത്തൽ ശക്തമാണ്.
അതുകൊണ്ടു തന്നെ പാർട്ടിയും സർക്കാരും തമ്മിൽ കൂടുതൽ മെച്ചപ്പെട്ട ബന്ധം ഉറപ്പിക്കുകയും പാർട്ടിയെ ശക്തമാക്കുകയും ചെയ്യുകയാണ് തങ്ങളുടെ കൂട്ടായ്മയുടെ ലക്ഷ്യമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ അവകാശവാദം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും സജീവമാണെങ്കിലും ഗ്രൂപ്പ് പിന്തുണ ബെന്നി ബെഹനാനാണെന്നാണ് സൂചനകൾ. എന്തായാലും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ശക്തമായി മാറുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്.


