കോട്ടയം: ജനജീവിതം ദുസഹമാക്കി അനധികൃതമായി പ്രവർത്തിച്ചുവന്ന റബ്ബർ സംസ്കരണ ഫാക്ടറി മാണി സി. കാപ്പൻ എംഎൽഎയുടെ നേരിട്ടുള്ള ഇടപെടലിൽ അടച്ചുപൂട്ടി. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്നും വമിക്കുന്ന അസഹ്യമായ ദുർഗന്ധത്തെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്.
നിയമാനുസൃതമാണ് പ്രവർത്തനമെന്ന് ഫാക്ടറി അധികൃതർ അവകാശപ്പെട്ടെങ്കിലും, സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (Pollution Control Board) അനുമതിപത്രം പോലുമില്ലെന്ന് എംഎൽഎ കണ്ടെത്തി. ഇതോടെ ഫാക്ടറി അടിയന്തരമായി നിർത്തിവെക്കാൻ അദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു. ഭരണപക്ഷത്തുള്ള ചിലരുടെ ഒത്താശയോടെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. പകൽ സമയങ്ങളിൽ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയതോടെ, അത് മറികടക്കാൻ ഫാക്ടറിയുടെ പ്രവർത്തനം തന്ത്രപൂർവ്വം രാത്രികാലങ്ങളിലേക്ക് മാറ്റിയിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള ഇത്തരം നീക്കങ്ങളാണ് എംഎൽഎയുടെ കർശന ഇടപെടലിലൂടെ തടയിടപ്പെട്ടത്.
ഫാക്ടറിയിലെത്തിയ എംഎൽഎ, ചുമതലക്കാരനോട് നാളെത്തന്നെ ഉത്തരവാദിത്തപ്പെട്ട ഉടമകളെ ഫോണിൽ ബന്ധപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ടു. അനുമതി ലഭിക്കാതെ ഇനി ഫാക്ടറി തുറക്കരുതെന്ന് കർശന നിർദ്ദേശം നൽകി മടങ്ങവെ, രാത്രിയിൽ ഇവർ വീണ്ടും പ്രവർത്തിക്കുമോയെന്ന് ആശങ്ക പങ്കുവെച്ച വീട്ടമ്മയോട് “ഞാനല്ലേ പൂട്ടിച്ചത്, അത് ഞാൻ നോക്കിക്കോളാം” എന്ന ആത്മവിശ്വാസം നൽകുന്ന മറുപടിയാണ് കാപ്പൻ നൽകിയത്.
ജനപ്രതിനിധി എങ്ങനെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാണി സി. കാപ്പനെന്നും, ഈ നടപടി മാതൃകാപരമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.






