തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്കു അടുത്ത ബന്ധമുണ്ടെന്നും, ശബരിമലയിൽ പോറ്റിയുടെ സ്വാധീനം തന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പിന്തുണയിലൂടെയാണെന്നും പത്മകുമാർ മൊഴി നൽകി.
ഗോൾഡ് പ്ലേറ്റിംഗ് ജോലികൾ സന്നിധാനത്ത് നടത്താൻ കഴിയാത്തതിനാലാണ് മാനുവലിനെ ലംഘിച്ച് പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും, ഇത്തരത്തിലുള്ള വസ്തുക്കൾ പുറത്തേക്ക് മാറ്റുമ്പോൾ കൃത്യമായ തൂക്കും അളവും രേഖപ്പെടുത്തി മാത്രമേ അനുവദിക്കാവൂ എന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ നൽകിയ മൊഴിയിൽ വ്യക്തമായി.
കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു.




