മലപ്പുറം :ചീരാൻ കടപ്പുറം ജി എം യു പി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പ്രധാനാധ്യാപിക ബിന്ദു. സി ആർ (HM) സ്വാഗതം ആശംസിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളിന്റെ പ്രതിബദ്ധത അവർ എടുത്തു പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് ഷറഫുദ്ദീൻ അധ്യക്ഷ പ്രസംഗം നടത്തി. സുരക്ഷാ കാര്യങ്ങളിൽ രക്ഷാകർതൃ സമിതിയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. താനൂർ ഡിവൈഎസ്പി പ്രമോദ് സാർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും റോഡ് സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.
ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത, കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹന യാത്രക്കാർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ അദ്ദേഹം ക്ലാസ് നൽകി. തുടർന്ന്, എസ്പിജി കൺവീനർ സീന ടീച്ചർ, അധ്യാപകരായ മോഹനൻ, നവീൻ, രമ്യ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും സ്റ്റാഫ് സെക്രട്ടറി അൻസു സീ.പി നന്ദി പറഞ്ഞു. ഈ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ കുട്ടികളുടെയും സമൂഹത്തിൻ്റെയും സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിന് സഹായകമായെന്നും അഭിപ്രായപ്പെട്ടു.






