കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെയും യോഗങ്ങൾ കളക്ടറേറ്റിൽ ചേർന്നു. പെരുമാറ്റച്ചട്ടം പാലിച്ച് സൗഹാർദപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആവശ്യപ്പെട്ടു.
സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച പരിധിക്കുള്ളിൽ തന്നെ നിർത്തണം. കൂടാതെ, പ്രചാരണ പ്രവർത്തനങ്ങൾ ഹരിതച്ചട്ടം പാലിച്ചുകൊണ്ടുവേണം നടത്തേണ്ടതെന്നും കളക്ടർ നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഡോ. സാജൻ ചാക്കോച്ചൻ കണ്ണന്തറ, ബിനു ജോസ്, ആർ. സതീഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, റോണി കെ. ബേബി എന്നിവർ പങ്കെടുത്തു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ യോഗത്തിൽ സ്ഥാനാർഥികളും പ്രതിനിധികളും പങ്കെടുത്തു. എ.ഡി.എം. എസ്. ശ്രീജിത്ത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു എന്നിവർ ഇരുയോഗങ്ങളിലും പങ്കെടുത്തു.






