കോട്ടയം : ശബരിമലയിൽ വരുന്ന തീർഥാടകരെ എരുമേലിയിൽ ശുചിമുറി ഉപയോഗത്തിനു അമിത തുക ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന്, റവന്യ കൺട്രോൾ റൂം, ദേവസ്വം ബോർഡ് മൈതാനങ്ങളിൽ നിന്ന് പിഴ ചുമത്തി. എരുമേലിയിലെ രണ്ട് മൈതാനങ്ങളിൽ നിന്ന് അയ്യായിരം രൂപ വീതം മൊത്തം പതിനായിരം രൂപയാണ് പിഴ ഈടാക്കിയത്.
മണ്ഡലകാല സീസണിൽ ദേവസ്വം ബോർഡ് കരാർ നൽകിയതിലു കൂടുതലായി ഇരട്ടിത്തുക ശുചിമുറി ഉപയോഗത്തിനായി ഈടാക്കുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടർ ഇടപെട്ട് ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും ഉത്തരവിട്ടതോടെയാണ് ഇന്നലെ മുതൽ കർശന പിഴ ഈടാക്കിത്തുടങ്ങിയത്.
ഇനി മുതൽ വരും ദിവസങ്ങളിലും തീർഥാടന മേഖലകളിൽ പരിശോധന നടത്തുമെന്നും ഇങ്ങനെ ചൂഷണം ചെയ്യുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റവന്യു അധികൃതർ പറഞ്ഞു.






