തിരുവനന്തപുരം: പാങ്ങോട്, കഴിഞ്ഞ തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അനിശ്ചിതത്വം ഇത്തവണ തിരുത്തപ്പെടുമോ എന്ന കാത്തിരിപ്പാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 വാർഡിൽ സിപിഎം-8, കോൺഗ്രസ്-7, എസ്ഡിപിഐ-2, വെൽഫയർ പാർട്ടി-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആദ്യത്തെ രണ്ട് പ്രാവശ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ എൽഡിഎഫിന് വോട്ട് ചെയ്തെങ്കിലും എൽഡിഎഫ് വർഗീയ പാർട്ടികളുടെ വോട്ട് വേണ്ടാ എന്നനിലപാടിൽ രാജിവയ്ക്കുകയായിരുന്നു.
തുടർന്ന് വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ യുഡിഎഫിലെ എം.എം. ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെൽഫയർ പാർട്ടിയിലെ റജീന വൈസ് പ്രസിഡന്റായി. 2015-ലെ തിരഞ്ഞെടുപ്പിൽ ബിജെപി നാല് വാർഡുകളിൽ വിജയിച്ചുവെങ്കിലും 2020-ൽ സീറ്റ് പിടിക്കാനായില്ല. പക്ഷേ, ഇത്തവണ കരുത്ത് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. യുഡിഎഫ് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. ഗീതയെ ഭരതന്നൂർ ടൗൺവാർഡിലും എൽഡിഎഫ് മുൻ പഞ്ചായത്തംഗം സിമിയെ ലെനിൻകുന്ന് വാർഡിലും സ്ഥാനാർഥിയാക്കിയിട്ടുണ്ട്. ഇവരെയാണ് അതത് മുന്നണികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.






