തൃശ്ശൂർ: ചായ്പൻകുഴി പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. ചായ്പ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിന് മുൻപിൽ നാട്ടുകാരുടെ വലിയ പ്രതിഷേധം. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ചായ്പൻകുഴി സെന്ററിലേക്ക് ചായ കുടിക്കാൻ വന്ന സുബ്രനെ ആന ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കുകളോടെ സുബ്രൻ റോഡിൽ കിടക്കുന്നത് കണ്ടത്. ഉടനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഞ്ച് ആനകൾ ഉള്ള കൂട്ടമാണ് മേഖലയിൽ ഇറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഫോസ്റ്റ് സ്റ്റേറ്റഷന് മുൻപിൽ വലിയ പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റേഷന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും നാട്ടുകാരുടെ നേതൃത്വത്തിൽ അടിച്ചു തകർത്തു.
സംഭവ സ്ഥലത്ത് കളക്ടർ എത്തി പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ നാട്ടുകാർ പ്രശ്നത്തിൽ നിന്ന് പിൻമാറില്ലെന്ന് കോടശ്ശേരി പഞായത്ത് പ്രസിഡന്റ കെ.പി. ജെയിംസ് പറഞ്ഞു. ഫോറസ്റ്റ് സ്റ്റേഷന് മുൻപിലെ പ്രതിഷേധ സമരം കെ.പി.ജെയിംസ് ഉദ്ഘാടനം ചെയ്തു.




